ആദ്യരാവിൻ കള്ളനാണം

ആദ്യരാവിൻ കള്ളനാണം
Trivia: 

ബംഗളൂരിൽ ജോലി ചെയ്യുന്ന അരുൺ പ്രകാശ് ചിട്ടപ്പെടുത്തിയ ഒരു തമിഴ് ഗാനമാണ് ഈ ഗാനത്തിന് പ്രചോദനമായത്...സാഹിത്യഘടനയിൽ മാറ്റം വരുത്താതെ നിശീകാന്ത് വരികളെഴുതി ചിട്ടപ്പെടുത്തിയത് നൈജീരിയയിൽ വച്ച്. ചെങ്ങന്നൂരിൽ നിന്ന് ഗിരീഷും,ദുബായിൽ നിന്ന് അഭിരാമിയും എത്തിയതോടെ ഗായകരും റെഡി.ലാൽ ജോസിന്റെയും വിദ്യാസാഗർ ചിത്രങ്ങളിലൂടെ ഹിറ്റ് ഗാനങ്ങൾ പാടിയ അഭിരാമി ചെങ്ങന്നൂരെത്തി റെക്കോർഡ് ചെയ്യുകയായിരുന്നു. ഗായകന്റെയും ഗായികയുടെയും ആദ്യ റെക്കോർഡിംഗിൽ ശബ്ദം ഒത്ത് ചേരാതെ വന്നത് രണ്ടാമതും മെയിൽ വോയിസ് പാടി മിക്സ് ചെയ്ത് പരിഹരിച്ചാണ് ഈ ഗാനം ഫൈനലായി പുറത്തിറക്കിയത്.അവസാന മിക്സിങ്ങ് & മാസ്റ്ററിങ്ങ് നടത്തിയത് എസ്. നവീൻ..

ആദ്യരാവിൻ കള്ളനാണം, അനു-
രാഗവില്ലിൻ കാമബാണം…
ചൊടിയിണകളിലരിയൊരുപുതുമധുരുചി
തരളിതമൊരുകുളിരലകളിൽ തുടി തുടി
അരികിലെൻ നിഴലായി നിറയു നീ കണ്ണേ
നിറയുമ്പൊൾ കരളിലൊരലർ വിരിയില്ലേ
തരിവളയിളകുമാ മൊഴികളിൽ കേട്ടേൻ
തവവിരലുകൾ തനുവിതളിലിഴഞ്ഞേ
അടിമുടിയൊരുസുഖമറിയുമിയിരവിലെൻ
ദിനം ദിനം നുരയുമൊരതിശയലഹരിയിൽ

ആദ്യരാവിൻ കള്ളനാണം, അനു-
രാഗവില്ലിൻ കാമബാണം

ശ്രാവണഗന്ധികൾ പൂത്തു വിടർന്നു
ഓണ നിലാവല തഴുകുമ്പോൾ
രാക്കിളി പാടി... രാഗവിലോലം
ഋതുമതി നീ മെയ് പുണരുമ്പോൾ
അലസം മനസിലൊരലയുലയുമ്പോൾ
കൊലുസിൻ ഝിലു ഝിലു രവമുതിരുമ്പോൾ
ലഹരീചഷകമായുയിർപതയുവതോ
മധുരം കളമൊഴിയിതളണിയുവതോ
പുതുപുതു കവിതകൾ ചിറകിടും നിശിയോ
പലപലകനവുകൾ അലയിടും തിരയോ
കണ്ണുകളിടയുമീ മദനനിലാവിൽ
മനസുകൾ പുണരുമൊരനിതര ലയമോ

ആ...........ആ..............ആ......

പൂക്കളമെഴുതും എൻ വിരലാൽ നിൻ
മാറിൽ വിതറും രോമാഞ്ചം
നീൾ മിഴി നീർത്തും കവിതകളാലെൻ
ഹൃദയം നിറയും നിൻ പ്രണയം
മനസിൽ മദഭര മദനസുശരമോ?
മിഴിയിൽ പിടയുവതിരു ഭ്രമരമതോ?
കളഭ, കന്മദ, മൃഗമദമൊ കവിളിൽ?
വിവശ മന്മഥ വികൃതികളണിവിരലിൽ
ചിപ്പികൾ തൂകിയ മുത്തണിച്ചിരിയോ
ശിൽപ്പികൾ കൊത്തിയ വെണ്മതി ശിലയോ
മാറുകളിടയുമൊരനിതര സുഖമോ...
അധരമിതമരുമൊരനുപമകലയോ...

Comments

comment

ട്യൂണ്‍ കേട്ട് പാട്ടുകൾ എഴുതുകയെന്നതും, സാധാരണക്കാർക്ക് ആസ്വാദ്യകരമാകും വിധം രൂപഭംഗി കൊടുത്തു വരികളെ മനോഹരമാക്കുക എന്നതുമൊക്കെ ഏറെയേറെ ശ്രമകരമായ ദൗത്യം തന്നെ! പുതുമയുള്ള ഈ ഗാനമൊരുക്കിയ നിശിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മാത്രമല്ല, ഈ ഗാനത്തിന്റെ ഈണഭാവതാളമേള ശബ്ദസൌകുമാര്യത്തിനായി ഒത്തൊരുമിച്ച ഓരോരുത്തർക്കും ആശംസകൾ. ഇനിയും നല്ല ഗാനങ്ങളുടെ പിറവിയ്ക്ക് ഈ കൂട്ടായ്മ അവസരമൊരുക്കട്ടെ!