പള്ളാത്തുരുത്തിപ്പാടത്ത്

പള്ളാത്തുരുത്തിപ്പാടത്ത്
Trivia: 

ഗാനരചനയും സംഗീതവും പൂർത്തിയായത് പത്ത് വർഷങ്ങൾക്ക് മുൻപ്..നിശീകാന്തെഴുതി ചിട്ടപ്പെടുത്തിയ ഗാനത്തിന് ശബ്ദമെത്തിച്ചത് ബംഗളൂരുവിൽ നിന്നും മുരളീ രാമനാഥനും കുവൈറ്റിൽ നിന്ന് ജയ ധീരജും തൃപ്പൂണിത്തുറയിൽ നിന്നും ശ്രുതിയും . ജി നിശീകാന്തിനൊപ്പം കോറസ് പാടിയിരിക്കുന്ന ചെങ്ങന്നൂർ ഗവ. യു.പി.എസിലെ പ്രഥമാദ്ധ്യാപകനും നാടൻപാട്ട് കലാകാരനുമായ വി. ജി. സജികുമാറാണ് ഇതിലെ ആദ്യ വായ്ത്താരി പാടിയിരിക്കുന്നത്. അവസാന മിക്സിങ്ങ് & മാസ്റ്ററിങ്ങ് നടത്തിയത് എസ്. നവീൻ..

വായ്ത്താരി :
പുഞ്ചോപ്പാടത്തെ പൂങ്കുയിലേ പുന്നാരപ്പാട്ടൊന്നു പാടാമോ...
അക്കണ്ടം നട്ടു ഞാൻ ഇക്കണ്ടം നട്ടു ഞാൻ മേലേക്കണ്ടത്തിൽ ഞാറുനട്ടു....
ഞാറുകുത്തി കേറിവരുമ്പോൾ എന്നാലും തമ്പ്രാനു തീണ്ടലാണ്..
നെല്ലായ നെല്ലെല്ലാം കൊയ്തുമെതിച്ച് അറിയിലിടുമ്പോൾ തീണ്ടലില്ലാ.....!!

പള്ളാത്തുരുത്തിപ്പാടത്ത്
പാട്ടുപാടണപൈങ്കിളിയേ
കൊയ്തെടുക്കുന്ന കതിരുകൂട്ടുമ്പോൾ
കൂടെപ്പാടാൻ പോരാമോ?

ആയിരപൊൻപറപ്പാടത്ത്
നാളെയന്തിമയങ്ങുമ്പോൾ
കൊട്ടാരത്തിലെ ഭഗവതിക്കിരു
നാഴിയരിയാൽ ചോറൂട്ട്

നാക്കില പൂക്കുല പൂന്തൊടിയിൽ
ഓണപ്പൂക്കളപ്പൂപറിക്കാൻ
ഓടിവായെടീ പാറിവായെടീ
നീ നെടുമുടിപ്പെണ്ണാളേ

ഏലേ ഏലേ പൂപ്പാടം
ആയിരപ്പറപ്പൊൻപാടം
അന്തിമാടത്തിലന്തിക്കൂട്ടിനു
വിണ്ണിലമ്പിളിപ്പൂക്കോലം

കറ്റചവുട്ടിമടുക്കുമ്പോൾ
കള്ളടിച്ചുരസിക്കുമ്പോൾ
കപ്പകൂട്ടെടി കാരികൂട്ടെടി
കാവളം കിളിക്കണ്ണാളേ

പൊന്നരിവാൾ കണ്മുനയാൽ
കരളുകോതിയെടുക്കല്ലേ
ആറ്റുനോറ്റൊരുചെക്കൻ കൈതയിൽ
കാത്തിരിപ്പതറിയൂലേ

ആറുകടന്നു ഞാൻ മങ്കൊമ്പിൽ
തൂക്കം കണ്ടുമടങ്ങുമ്പോൾ
കുപ്പിവളക്കട മുന്നിൽ വച്ചുള്ളിൻ
ചെപ്പുതുറന്നു നീ കാട്ടീലേ

ഓണസദ്യയൊരുക്കി ഞാൻ
കാത്തിരുന്നൊരു നേരത്ത്
പിന്നിൽ വന്നെന്റെ കണ്ണുപൊത്തി നീ
മുത്തമേകിയതൊർക്കൂലേ

പള്ളാത്തുരുത്തിപ്പാടത്ത്
പാട്ടുപാടണപൈങ്കിളിയേ
കതിരു തൂറ്റുമ്പോൾ പതിരുമാറ്റുമ്പോൾ
കൂടെക്കൂടാൻ പോരാമോ?
കൂടെക്കൂടാൻ പോരാമോ?