സൗരയൂഥം സാക്ഷി

സൗരയൂഥം സാക്ഷി
Trivia: 

നൈജീരിയയിൽ വച്ച് നിശീകാന്തെഴുതിയ ഗാനം,ട്രാക്ക് തയ്യാറാക്കിയത് കായംകുളത്തെ പ്രഗൽഭമായ രവീസ് ഡിജിറ്റൽ സ്റ്റുഡിയോയിൽ. യു എസിൽ നിന്ന് ഗായകനായ തഹ്സീനും ചേർന്നപ്പോൾ സൗരയൂഥം സാക്ഷി എന്ന ഗാനം പിറന്നു.ഈണത്തിൽ സ്ഥിരം സാന്നിധ്യമായ തഹ്സീൻ ഇത്തവണ മറ്റ് ഗായകർക്ക് അവസരമൊരുക്കാനായി ആദ്യം മാറി നിന്നുവെങ്കിലും തഹ്സീന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന് എന്ന് പൊതുവേ വിലയിരുത്തപ്പെട്ട ഗാനം. അവസാന മിക്സിങ്ങ് & മാസ്റ്ററിങ്ങ് നടത്തിയത് എസ്. നവീൻ.

സൗരയൂഥം സാക്ഷി…
സാഗരങ്ങൾ സാക്ഷി…..
നിന്നോടെനിക്കുള്ള പ്രണയത്തിനാകാശ
ഗംഗയും കാലവും സാക്ഷി..!
സൂര്യനും ചന്ദ്രനും സാക്ഷി..!

ഞാനറിയാതെൻ സിരകളിതാകെ
ഇഴകളകന്നും നീറിയുലഞ്ഞും
നിഴലിലടിഞ്ഞും വിധിയുടെ തീരാ
ക്കാറ്റിലലഞ്ഞും കനലിലെരിഞ്ഞും
കനവിലിടഞ്ഞും മോഹക്കിളികൾ
പിടയുന്നതുവേറാരറിയുന്നൂ…..
വിരഹം പോലൊരു വേദനയുണ്ടോ
ശാപമീ ജന്മമുണ്ടോ…?

നീയറിയാതെൻ സങ്കൽപ്പങ്ങൾ
നിന്നിലൂടെത്ര ദൂരം താണ്ടി
വർണ്ണം കണ്ടും സുഗന്ധമറിഞ്ഞും
ലഹരി നുകർന്നും നിൻഹാസത്തിൻ
വസന്തം ചൂടി, നിൻ പൗർണ്ണമി തൻ
കുളിരുകൾ പുൽകി ഞാനലയുന്നു…
വിരഹം പോലൊരു ശൂന്യതയുണ്ടോ
ദുഃഖമീ മണ്ണിലുണ്ടോ…?