Lekha R Nair | ലേഖ ആർ നായർ

1969 ൽ എറണാകുളത്ത് ഏലൂരിൽ അദ്ധ്യാപകനും കവിയുമായ ശ്രീ താഴത്തേടം രാഘവൻ നായരുടെയും അദ്ധ്യാപികയായ ശ്രീദേവിയുടെയും മൂന്നു മക്കളിൽ ഇളയതായി ജനിച്ചു. എട്ടാം വയസ്സു മുതൽ ശ്രീമതി എറണാകുളം എം. എസ്. ജയലക്ഷ്മി എന്ന പ്രശസ്തയായ സംഗീത അദ്ധ്യാപികയുടെ കിഴിൽ സംഗീതപഠനം . സ്കൂൾ-ഗാന്ധി-കേരള യൂണിവേഴ്സിറ്റി യുവജനോൽസവവേദികളിലൂടെ വളർച്ച. സംഗീതം ഐച്ഛികമായെടുത്ത് , തിരുവനന്തപുരം കരമന NSS കോളേജിൽനിന്ന് ബി,എ.യും തിരുവനന്തപുരം വിമൻസ് കോളേജിൽനിന്ന് എം.എ. യും ഒന്നാം റാങ്കുകളോടെ പാസ്സായി. തിരുവനന്തപുരത്തുവെച്ച് ശ്രീമതി ഡോ. കെ. ഓമനക്കുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ചു. ആകാശവാണിയിലും ദൂരദർശനിലും പ്രമുഖരുടെ സവിധാനത്തിൽ അനേകം ലളിതഗാനങ്ങൾ പാടി.തരംഗിണി സ്റ്റുഡിയോവിൽ വെച്ചാണ് ചെറിയ തോതിൽ ചലച്ചിത്രപിന്നണി ഗാനങ്ങൾ പാടാനുള്ള അവസരങ്ങൾ കൈവന്നുതുടങ്ങിയത്. പഠിച്ചുകൊണ്ടിരിക്കെ, ശ്രീ ഭരത് ഗോപി സംവിധാനം ചെയ്ത "യമനം" എന്ന സിനിമയ്ക്കുവേണ്ടി ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ "തടവറ...തടവറ" എന്ന ഗാനം പാടിക്കൊണ്ട് തുടങ്ങി. തുടർന്ന്, മലയാളത്തിലും തമിഴിലും തെലുങ്കിലും, സർവശ്രീ ദക്ഷിണാമൂർത്തി, ദേവരാജൻ, ഇളയരാജ, ജോൺസൻ എന്നിവരടക്കമുള്ള പ്രമുഖ സംഗീതസംവിധായകരുടെ കീഴിൽ പാടാൻ അവസരം ലഭിച്ചു.

ആകാശവാണിയിൽ ലളിതസംഗീതത്തിൽ B ഹൈ ഗ്രേഡ് ആർടിസ്റ്റ് ആണ്. ടെലിവിഷനിലെ മികച്ച അവതരണഗാനത്തിന് ദൃശ്യ അവാർഡ് ലഭിച്ചിട്ടുണ്ട്. എറണാകുളത്ത് കൂനമ്മാവിലുള്ള ചവറദർശൻ CMI പബ്ലിക് സ്കൂളിൽ സംഗീതാദ്ധ്യാപികയായ ലേഖയ്ക്ക് വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളിലായി വമ്പിച്ച ശിഷ്യസമ്പത്തുണ്ട്. ഇപ്പോൾ, ശ്രീ താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ കീഴിൽ സംഗീതം തുടർന്ന് അഭ്യസിച്ചുകൊണ്ടിരിക്കുന്നു.

ഭർത്താവ്: കാർട്ടൂണിസ്റ്റായ സജ്ജീവ് ബാലകൃഷ്ണൻ
മകൻ : കേന്ദ്രീയ വിദ്യാലയ 8-ആം ക്ലാസ്സ് വിദ്യാർഥി സിദ്ധാർഥ്. സംഗീതത്തിൽ അമ്മയുടെ ശിഷ്യൻ. കീബോഡിൽ ട്രിനിറ്റിയുടെ 5th Grade certificate പരീക്ഷ പാസ്സായി.

വിലാസം:
ശ്രീവൽസം,
ചങ്ങമ്പുഴ നഗർ,
ഇടപ്പള്ളി പി.ഓ.,
കൊച്ചി - 682 033
ഫോൺ : 9447724693
E-mail: siddharthsajjive@gmail.com