മഴയില്ലാതെ

മഴയില്ലാതെ
Trivia: 

ഒരു ഗാനത്തിന്റെ ചിട്ടവട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി എഴുതി ചിട്ടപ്പെടുത്തിയത് നിശീകാന്ത്.ദുബായിൽ വച്ച് എഴുതിയ ഗാനത്തിന് ശബ്ദമായത് കൊച്ചിയിൽ നിന്നുമുള്ള ഗായകൻ കെ ബി ഉണ്ണിക്കൃഷ്ണൻ.

മഴയില്ലാതെ മണ്ണിൻ നനവില്ലാതെ
വിത്തില്ലാതെ വെയിലിൻ മുത്തില്ലാതെ
മനസ്സിൽ കിളിർക്കുന്നൊരനുഭൂതി…
ഇളം ചൂടുള്ള, കുളിരുള്ളൊരനുഭൂതി…
പ്രണയം….പ്രണയം…. പ്രണയം….

ആരോടെന്നോ എങ്ങനെയെന്നോ
അറിയാത്തൊരായിരം ചിന്തകൾക്കുള്ളിലെ
അടങ്ങാത്തൊരഗ്നി പ്രവാഹം…സ്വയ-
മൊഴുകുന്ന ഗംഗാപ്രവാഹം.. താനേ
അലിയുന്ന ഹിമവർഷപാതം…
പ്രണയം…..
ഹൃദയത്തിലേക്കും തിരിച്ചും പരക്കുന്ന
ചുടുനിണത്തുള്ളികൾക്കുള്ളിൽ, നുരയും, പതയും, ആർക്കും
പറയാനറിയാത്തൊരനുഭൂതി…
ഇളം ചൂടുള്ള, കുളിരുള്ളൊരനുഭൂതി…
പ്രണയം…. പ്രണയം…. പ്രണയം….

പ്രായത്തിനതിരുകളില്ലാ പ്രാണൻ വെന്തുരുകുമ്പോൾ
സൗന്ദര്യമോ വെറും പ്രത്യയശാസ്ത്രം സങ്കൽപ്പങ്ങളിലലയുമ്പോൾ
ദീപത്തിലേക്ക് സ്വയമണഞ്ഞെരിയും നിശാശലഭങ്ങളേപ്പോൽ
പ്രാണൻ പോലും ബലികഴിക്കാൻ പോരും അനന്തമജ്ഞാത ഭാവം
പ്രണയം….
മനസ്സിൽ നിന്നും മനസ്സിലേക്കു കാറ്റായ് തഴുകി, പുഴയായൊഴുകി,
മഴയായ് പൊഴിയുമൊരനവദ്യമാമനുഭൂതി....
ഇളം ചൂടുള്ള, കുളിരുള്ളോരനുഭൂതി....
പ്രണയം…. പ്രണയം…. പ്രണയം….