ആഫ്രിക്കയിലെ ജോലിക്കിടയിൽ നിശീകാന്തെഴുതി ചിട്ടപ്പെടുത്തിയ ഗാനത്തിന് കായംകുളം രവീസ് സ്റ്റുഡിയോയിൽ പശ്ചാത്തല സംഗീതമൊരുക്കിയത് വേണു അഞ്ചൽ..ഇപ്രാവശ്യം ഈണത്തിലേക്ക് അഥിതിയായി കടന്നു വന്ന മലയാളത്തിന്റെ പ്രിയഗായകൻ ജി വേണുഗോപാൽ ഈ പാട്ട് റെക്കോർഡ് ചെയ്തത് തിരുവനന്തപുരത്ത് ഐറിസ് ഡിജിറ്റൽ എന്ന സ്റ്റുഡിയോയിൽ വച്ച്. ആലാപനത്തിനു ശേഷം ഈണത്തിന്റെ സംഗീതസംരംഭങ്ങളേക്കുറിച്ച് വിശദമായിച്ചോദിച്ചറിഞ്ഞ് സ്റ്റുഡിയോ ചാർജ്ജും വഹിച്ച ഗായകൻ ഈ ഗാനത്തെ തന്റെ പ്രിയഗാനങ്ങളിലൊന്നായിതിനെ ചേർക്കുന്നു എന്നും അഭിപ്രായമറിയിച്ചത് ഇത്തരമൊരു സ്വതന്ത്രസംരംഭത്തിന് ഊർജ്ജദായകമായി എന്ന് പറയാതെ വയ്യ. അവസാന മിക്സിങ്ങ് & മാസ്റ്ററിങ്ങ് നടത്തിയത് എസ്. നവീൻ...
പുലർമഞ്ഞിലൂടെ അലയാൻ, കുളിർ
കാറ്റിൽ മോഹം അലിയാൻ, മല-
രിതളിലൂർന്ന മഴനീർക്കണങ്ങളാൽ
മുത്തുമാലകൾ കോർത്തിടാൻ
തിരികെ വീണ്ടുമൊരു ശലഭമായെന്റെ
തൊടിയിലെങ്ങുമൊഴുകാൻ.....
പുലർമഞ്ഞിലൂടെ അലയാൻ, കുളിർ
കാറ്റിൽ മോഹം അലിയാൻ
ആവണിപ്പൂവിനാദ്യചുംബനം
നൽകുമോർമ്മതൻ തുമ്പിയായ്
പണ്ട് കുഞ്ഞിളം കാൽ വരച്ചൊരാ
പൂക്കളങ്ങളിൽ പുൽകുവാൻ
ആരുമാരുമിവിടേറ്റുപാടുമൊരു
വേണുഗാനമാകാൻ..
കളിമണ്ണുവീടുകൂട്ടി മാ,-
ങ്കൊമ്പിലൂയലാടാൻ, പുതു
കൈത പൂത്ത നീർച്ചാലിറമ്പിലെ
പരലിനെ കോരിനിന്നിടാൻ
കളകളം പാടിയൊഴുകുമാപ്പുഴയിൽ
നീന്തി നീന്തിയകലാൻ…
പുലർമഞ്ഞിലൂടെ അലയാൻ, കുളിർ
കാറ്റിൽ മോഹം അലിയാൻ
ആദ്യമായെന്നിലേക്കു നീണ്ടൊരാ
താരനേർമിഴിപ്പൂവിലെ...
നൊമ്പരങ്ങളാം മഞ്ഞുതുള്ളികൾ
ചുംബനങ്ങളാൽ മൂടുവാൻ
എന്റെ മാറിലെ ചൂടുനൽകിയാ
സൂര്യകാന്തി വിടരാൻ
അറിയാതെപെയ്ത മഴയിൽ
മെയ്യോടുചേർന്നു നമ്മൾ
തൂവാനമേറ്റു കുളിർകോരി നിന്നൊരാ
പ്രണയസന്ധ്യകൾ തേടുവാൻ
ആർദ്ര നീലമിഴിയംബുജങ്ങളിലെ
കവിതയായി ഉണരാൻ
പുലർമഞ്ഞിലൂടെ അലയാൻ, കുളിർ
കാറ്റിൽ മോഹം അലിയാൻ....
Comments
വേണുഗാനം
വേണുച്ചേട്ടാ ആ വേണു ഗാനം ,മാസ്മരിക ശബ്ദം !
I simply love it.............
ഭാവഗീതങ്ങൾ ,ഭാവുകങ്ങൾ !
വളരെ മനോഹരമായിട്ടുണ്ട് ,ആദ്യത്തെ പാട്ട് മുതൽ തന്നെ .
അഭിനന്ദനങ്ങൾ ,ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം .
ഒരു പിടി ഓണാശംസകൾ !!!
cmnts
ഗാനം മനോഹരം .നന്നായി മനസ്സില് പതിയുന്നു .
ആശംസകൾ ...
സസ്നേഹം ദേവിക .